പേജുകള്‍‌

2014, ഒക്‌ടോബർ 29, ബുധനാഴ്‌ച

Mathrubhumi Article on Waste Management





ഡോ.ടി.എം.തോമസ് ഐസക്‌  

നഗരം വൃത്തിയാക്കുന്നതിനുവേണ്ടി ഒരു ജനകീയപ്രസ്ഥാനത്തിന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ രൂപംനല്‍കുകയാണ്. ലോകാരോഗ്യദിനമായ ഏപ്രില്‍ ഏഴിനുള്ളില്‍ ലക്ഷ്യംനേടണമെന്നാണ് നിശ്ചയിച്ചിരിക്കുന്നത്. നവംബര്‍ ഒന്നിന് പ്രവര്‍ത്തനം തുടങ്ങുന്നു
വരൂ, നമുക്ക് തലസ്ഥാനനഗരം വൃത്തിയാക്കാം...

ധനവിചാരം

സാക്ഷരതാപ്രസ്ഥാനവും ജനകീയാസൂത്രണവും പോലെ വലിയതോതില്‍ ജനങ്ങളെ അണിനിരത്തുന്ന ജനകീയ ശുചിത്വപ്രസ്ഥാനത്തിനാണ് തിരുവനന്തപുരത്ത് രൂപംനല്‍കുന്നത്. ജനങ്ങളുടെ ശീലങ്ങളിലും മനോഭാവങ്ങളിലും മാറ്റം കൂടിയേ തീരൂ


തിരുവനന്തപുരത്ത് ഹൗസിങ് ബോര്‍ഡിന് സമീപമുള്ള രാജാജി നഗര്‍ നിവാസികള്‍ കുറേനാളായി സമരത്തിലാണ്. അവരുടെ സമരത്തെ അഭിവാദ്യം ചെയ്യുന്നതിന് കഴിഞ്ഞദിവസം ഞാനും പോയിരുന്നു. ചെന്നപ്പോള്‍ പെരുമഴ. പ്രസംഗിക്കുന്നതിനുമുമ്പ് അവിടെയൊക്കെ ചുറ്റിനടന്നു. പരമദയനീയമായിരുന്നു കാഴ്ച. വലിയൊരു വെള്ളക്കുഴിയായിമാറിയ ആ പ്രദേശത്തെ വീടുകളിലെ അടുക്കളയിലേക്ക് കക്കൂസ് മാലിന്യം ഒഴുകിക്കയറുന്നു. വ്യക്തിശുചിത്വത്തിന് പേരുകേട്ട കേരളത്തിന്റെ തലസ്ഥാനനഗരത്തിലാണ് ഈ കാഴ്ച.

അടിയന്തരമായി സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ വ്യക്തം. കക്കൂസ് മാലിന്യം സംസ്‌കരിക്കാന്‍ സംയോജിത ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കണം. മഴവെള്ളം ഒഴുകിപ്പോകാന്‍ സംവിധാനം വേണം. ഫ്‌ളാറ്റുകള്‍ പണിത് പൊതുസ്ഥലം നല്ല പാര്‍ക്കോ മറ്റോ ആക്കണം. ഇതോടെ നഗരത്തിലുള്ള ഒരു ഡസന്‍ ചേരികളിലൊന്ന് ഇല്ലാതാകും. നഗരത്തിലെ സൗകര്യങ്ങള്‍ ഏതാണ്ട് നാട്ടിന്‍പുറങ്ങളിലും ഉള്ളതുകൊണ്ട് ഗ്രാമവാസികള്‍ കുടിയേറി പുതിയ ചേരികള്‍ ഇനിയുണ്ടാകുമെന്ന് പേടിക്കാനില്ല. ഭൂരിപക്ഷത്തിനും കിടപ്പാടവും വീടുമുള്ളതുകൊണ്ട് കക്കൂസുകള്‍ നിര്‍മിക്കാം. എല്ലാവര്‍ക്കും വിദ്യാഭ്യാസമുള്ളതുകൊണ്ട് പെട്ടെന്ന് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാനാകും. ഈ അനുകൂലഘടകങ്ങളൊന്നും മറ്റ് സംസ്ഥാനങ്ങളിലില്ല. അതുകൊണ്ട് മോദിയുടെ സ്വച്ഛഭാരതം ഒരു ദിവാസ്വപ്നമാകാനാണ് സാധ്യത. എന്നാല്‍, കേരളത്തിന് വേണമെങ്കില്‍ സമ്പൂര്‍ണ ശുചിത്വം കൈവരിക്കാം. 2010ല്‍ ഇതിന് തുടക്കംകുറിച്ചെങ്കിലും കാര്യങ്ങള്‍ മുന്നോട്ട് നീങ്ങിയിട്ടില്ല. അനുഭവത്തില്‍നിന്ന് പാഠങ്ങള്‍ പഠിച്ച് നമുക്ക് മുന്നേറാനാകണം.

ഈ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം നഗരം വൃത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ഒരു ജനകീയ കാമ്പയിന്‍ ആരംഭിക്കുന്നത്. ആറുമാസംകൊണ്ട് നഗരം വൃത്തിയാക്കണം. അതുപറയുമ്പോള്‍ ചിലര്‍ക്കെങ്കിലും അവിശ്വാസത്തിന്റെ മുഖഭാവം. രാഷ്ട്രീയക്കാരുടെ ഇത്തരം എത്ര പ്രഖ്യാപനങ്ങള്‍ കേട്ടിരിക്കുന്നു എന്ന ആത്മഗതം. ആലപ്പുഴ വൃത്തിയാകുമെങ്കില്‍ തിരുവനന്തപുരവും വൃത്തിയാക്കാം എന്ന് കൂട്ടിച്ചേര്‍ത്താലും വിശ്വാസംപോരാ. ആലപ്പുഴ വേറെ തിരുവനന്തപുരം വേറെ. ആലപ്പുഴയുടെ അഞ്ച് മടങ്ങ് വലിപ്പമുണ്ട് തിരുവനന്തപുരത്തിന്. പ്രശ്‌നങ്ങള്‍ അതിലേറെ സങ്കീര്‍ണം.

ഇതൊക്കെ ശരിയാണ്. ആ വെല്ലുവിളികളെല്ലാം കണക്കിലെടുത്തുകൊണ്ട് നഗരം വൃത്തിയാക്കുന്നതിനുവേണ്ടി ഒരു ജനകീയപ്രസ്ഥാനത്തിന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ രൂപംനല്‍കുകയാണ്. ലോകാരോഗ്യദിനമായ ഏപ്രില്‍ ഏഴിനുള്ളില്‍ ലക്ഷ്യം നേടണമെന്നാണ് നിശ്ചയിച്ചിരിക്കുന്നത്. നവംബര്‍ ഒന്നിന് പ്രര്‍ത്തനം തുടങ്ങുന്നു.

ഇതൊരു ജനകീയപ്രസ്ഥാനമാണ്. ഇന്ന് നിലവിലുള്ള സമീപനങ്ങളില്‍നിന്ന് വ്യത്യസ്തമായൊരു സമീപനം പുതിയ ശുചിത്വപ്രസ്ഥാനം സ്വീകരിക്കുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ സമ്പൂര്‍ണ ശുചിത്വം കൈവരിക്കുന്നതിന് ഇത്തരമൊരു ചുവടുമാറ്റം അനിവാര്യമാണ്.

ഉറവിടമാലിന്യസംസ്‌കരണത്തിലെ ഊന്നലാണ് ഒന്നാമത്തെ വ്യത്യസ്തത. ഇതുവരെ ചെയ്തുവന്നത് എന്താണ്? നഗരത്തിലെ മാലിന്യങ്ങള്‍ ശേഖരിച്ച് ഗ്രാമത്തിലെവിടെയെങ്കിലുമുള്ള ഒരു കേന്ദ്രത്തിലെത്തിച്ച് സംസ്‌കരിക്കുമായിരുന്നു. പക്ഷേ, അത് പരാജയപ്പെട്ടു. കാരണം എന്തുതന്നെയാകട്ടെ, കേന്ദ്രീകൃതമായ ഈ രീതി ഇനി കേരളത്തിലെവിടെയെങ്കിലും നടപ്പാക്കാന്‍ ജനങ്ങള്‍ സമ്മതിക്കുമെന്നും തോന്നുന്നില്ല. അതുകൊണ്ട് പരമാവധി മാലിന്യങ്ങള്‍ ഉറവിടത്തില്‍ത്തന്നെ വേര്‍തിരിച്ച് സംസ്‌കരിക്കുകയേ നിര്‍വാഹമുള്ളൂ.

മാലിന്യം സംസ്‌കരിക്കുന്നതിന് ജൈവരീതികളാണ് സ്വീകരിക്കുക. മാലിന്യം കത്തിച്ച് നശിപ്പിക്കുന്ന രീതി ഉപേക്ഷിക്കണം. ഏറ്റവും ലളിതമായ ഈ രീതി പക്ഷേ, അത്യധികം അപകടകരമാണ്. മാലിന്യം കത്തുമ്പോഴുണ്ടാകുന്ന വിഷവാതകങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് മാത്രമല്ല ആഗോളതാപനത്തിന് ആക്കം കൂട്ടുകയും ചെയ്യും.

കൂട്ടിയിട്ട് കത്തിക്കുന്നതിന് പകരം അറയിലാക്കി വളരെ ഉയര്‍ന്ന ചൂടില്‍ ദഹിപ്പിച്ചാല്‍ മാലിന്യം ഗ്യാസായിമാറും. പിന്നെയും ചൂട് ഉയര്‍ത്തിയാല്‍ മാലിന്യം പ്ലാസ്മയാകും. ഈ മാര്‍ഗങ്ങളിലൂടെ വൈദ്യുതി ഉണ്ടാക്കാം. പാശ്ചാത്യരാജ്യങ്ങളില്‍ ഇങ്ങനെ ചെയ്യുന്നുണ്ട്. പക്ഷേ, ചെലവ് ഏറെയാണ്. കേന്ദ്രീകൃത പ്ലാന്റുകളും വേണം. ഡീസല്‍ച്ചെലവ് താങ്ങാനാകാതെ തിരുവനന്തപുരത്തെ മൊബൈല്‍ ഇന്‍സിനറേറ്റര്‍ ഉപേക്ഷിച്ച അനുഭവം മറക്കാറായിട്ടില്ല.

ഈ പശ്ചാത്തലത്തിലാണ് മാലിന്യസംസ്‌കരണത്തിന് ജൈവപ്രക്രിയയിലൂന്നിയുള്ള ജനകീയ കാമ്പയിന് രൂപംനല്‍കുന്നത്. പൈപ്പ് കമ്പോസ്റ്റ്, ഏറോബിക് ബിന്‍ തുടങ്ങിയ കമ്പോസ്റ്റിങ് സങ്കേതങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. അല്ലെങ്കില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ ഉപയോഗിച്ച് മീഥേന്‍ ഉണ്ടാക്കാം. ഇത് അടുക്കളയില്‍ ഇന്ധനമായി ഉപയോഗിക്കാം. കമ്പോസ്റ്റിങ്ങും ബയോഗ്യാസും തമ്മിലുള്ള വ്യത്യാസം ലളിതമാണ്. കമ്പോസ്റ്റിങ് വായുസമ്പര്‍ക്കത്തിലാണ് നടക്കുന്നത്. ബയോഗ്യാസ് ആവട്ടെ, വായുസമ്പര്‍ക്കമില്ലാതെ മാലിന്യം വിഘടിക്കപ്പെടുമ്പോഴാണ് ഉത്പാദിപ്പിക്കുന്നത്.

ഏത് മാലിന്യസംസ്‌കരണ രീതിയായാലും ജനങ്ങളെ ബോധവത്കരിച്ചില്ലെങ്കില്‍ പരാജയപ്പെടും. അതുകൊണ്ട് ജനങ്ങളെ പഠിപ്പിക്കുന്നതില്‍ പുതിയ ശുചിത്വപ്രസ്ഥാനം ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നു. എത്ര പഠിപ്പിച്ചാലും ഇടയ്ക്കിടയ്ക്ക് പ്ലാന്റുകളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേകം ആളുകളെ നിയോഗിക്കണം. അഥവാ ഒരു മെയിന്റനന്‍സ് ടീം ഉണ്ടാകണം. പ്ലാന്റുകളിലെ അറ്റകുറ്റപ്പണികള്‍ 100 എണ്ണത്തിന് ഒരാള്‍ എന്നതോതില്‍ മെയിന്റനന്‍സ് ടീമിനെ സജ്ജീകരിക്കും. നിലവിലുള്ള സര്‍ക്കാര്‍ മാതൃകകളില്‍ ബോധവത്കരണത്തിനും മെയിന്റനന്‍സ് ടീമിന്റെ രൂപവത്കരണത്തിനും സ്ഥാനമില്ല. അതാണ് അവയുടെ ദൗര്‍ബല്യം. പ്ലാന്റ് സ്ഥാപിക്കാന്‍ കരാറെടുക്കുന്ന ഏജന്‍സികള്‍ പ്ലാന്റും സ്ഥാപിച്ച് കമ്മീഷനും വാങ്ങി സ്ഥലംവിടുകയാണ് പതിവ്. ഉപഭോക്താവിനെ പഠിപ്പിക്കുന്നതിനോ അറ്റകുറ്റപ്പണികള്‍ക്കോ സഹായമില്ല. 75,000ത്തോളം പൈപ്പ് കമ്പോസ്റ്റ് വെച്ചിട്ടും തിരുവനന്തപുരത്ത് ഒരു ഫലവും കാണാത്തതിന് കാരണമിതാണ്.

സാക്ഷരതാ പ്രസ്ഥാനവും ജനകീയാസൂത്രണവും പോലെ വലിയതോതില്‍ ജനങ്ങളെ അണിനിരത്തുന്ന ജനകീയ ശുചിത്വപ്രസ്ഥാനത്തിനാണ് തിരുവനന്തപുരത്ത് രൂപംനല്‍കുന്നത്. ജനങ്ങളുടെ ശീലങ്ങളിലും മനോഭാവങ്ങളിലും മാറ്റം കൂടിയേ തീരൂ. മാലിന്യം ഉറവിടത്തില്‍ത്തന്നെ വേര്‍തിരിക്കുകയും വലിച്ചെറിയാതിരിക്കുകയും വേണം. പണ്ട് വെളിമ്പ്രദേശങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തിയിരുന്ന നമ്മള്‍ ഇന്ന് അവയെല്ലാം വീട്ടിനുള്ളിലാണ് ചെയ്യുന്നത്. കക്കൂസ് മാലിന്യം വീട്ടിനുള്ളില്‍ സംസ്‌കരിക്കാമെങ്കില്‍ എന്തിന് ഇത്തിരിവരുന്ന അടുക്കളമാലിന്യം വലിച്ചെറിയണം? ഇത്തരമൊരു മനോഭാവമാറ്റം കേവലം സര്‍ക്കാര്‍ ഉത്തരവുകള്‍കൊണ്ട് ഉണ്ടാവില്ല. ഒരു ജനകീയപ്രസ്ഥാനത്തിന്റെ സര്‍ഗാത്മകതയ്ക്ക് മാത്രമേ ഈ രൂപമാറ്റം വരുത്താനാവൂ.

മേല്‍പ്പറഞ്ഞ കാഴ്ചപ്പാടോടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഒരു കര്‍മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നവംബര്‍ ഒന്നിന് പതിനായിരക്കണക്കിന് ആളുകളുടെ സന്നദ്ധപ്രവര്‍ത്തനംകൊണ്ട് നഗരത്തിന്റെ പലഭാഗത്തുമുള്ള മാലിന്യക്കൂമ്പാരങ്ങള്‍ നീക്കം ചെയ്യും. എരുമക്കുഴി അടക്കം നഗരത്തിനുള്ളിലുള്ള ഡമ്പിങ് യാര്‍ഡുകള്‍ മണ്ണിട്ട് ശാസ്ത്രീയമായി നികത്തും. ഇതിനുള്ള പദ്ധതി സര്‍ക്കാറിന് സമര്‍പ്പിക്കും. അംഗീകാരം ലഭിക്കുമ്പോള്‍ ഇവിടെയുള്ള മാലിന്യങ്ങള്‍ മറവുചെയ്യും. പക്ഷേ, അതുവരെ കാത്തിരിക്കാനാവില്ല. ഡമ്പിങ് യാര്‍ഡുകള്‍ താത്കാലികമായി മൂടിയേ തീരൂ. ഇവിടെ കൊണ്ടുവന്ന് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന പോംവഴി ഇല്ലാതാവണം. അപ്പോഴേ മറുവഴികള്‍ അനിവാര്യമായിത്തീരൂ. പാലം കടക്കുക, പിന്നെ പാലം തകര്‍ക്കുക. മുന്നോട്ടല്ലാതെ പിന്നോട്ടില്ല.

ഇപ്പോള്‍ വെച്ചിരിക്കുന്ന 75,000ത്തോളമുള്ള പൈപ്പ് കമ്പോസ്റ്റുകളുടെയും ബയോഗ്യാസ് പ്ലാന്റുകളുടെയും പ്രശ്‌നങ്ങള്‍ പഠിച്ച് പോരായ്മകള്‍ തിരുത്തി അവയെ പുനരുജ്ജീവിപ്പിക്കും. ഇതിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. പരിപാലനത്തിനായി കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തണം. വേണ്ടിവന്നാല്‍ പൈപ്പ് കമ്പോസ്റ്റിലോ ബയോഗ്യാസ് പ്ലാന്റിലോ അവര്‍തന്നെ മാലിന്യം നിക്ഷേപിക്കുകയും ചെയ്യും. പുതിയ സമ്പ്രദായത്തില്‍ ഗാര്‍ഹിക, ഉറവിടമാലിന്യ സംസ്‌കരണരീതികള്‍ കൂടുതല്‍ വിപുലീകരിക്കും.

എത്ര ശ്രമിച്ചാലും കുറേയേറെ വീട്ടുകാര്‍ മാലിന്യം സംസ്‌കരിക്കാന്‍ പോകുന്നില്ല. പക്ഷേ, അവര്‍ വലിച്ചെറിയാന്‍ പാടില്ല. ആ മാലിന്യങ്ങള്‍ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന 'പ്രിയം' ഏറോബിക് ബിന്നുകളില്‍ എത്തിച്ചുകൊടുത്താല്‍ മതി. വെറ്ററിനറി സര്‍വകലാശാല വികസിപ്പിച്ചെടുക്കുകയും ആലപ്പുഴയില്‍ ഫലപ്രഥമെന്ന് തെളിയുകയും ചെയ്ത തുമ്പൂര്‍മുഴി മോഡല്‍ തന്നെയാണ് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നത്. പേര് പുതിയതെന്നേയുള്ളൂ. നാലടി നീളം, നാലടി വീതി, നാലടി ഉയരം വരുന്ന ധാരാളം വായുസഞ്ചാരത്തിന് പഴുതുകളുള്ള വാര്‍ക്കപ്പെട്ടികളില്‍ മാലിന്യവും കരിയിലയും അടുക്കുകളായി നിക്ഷേപിക്കുന്ന സമ്പ്രദായമാണിത്. കരിയിലയുടെ മേല്‍ ചാണകത്തിലെ സൂക്ഷ്മജീവികളുടെ ലായനി തളിക്കുകയും ചെയ്യും. ഒരുവിധത്തിലുമുള്ള ദുര്‍ഗന്ധമോ പുഴുക്കളോ ഇല്ലാതെ മൂന്ന് മാസംകൊണ്ട് ഒന്നാന്തരം വളമുണ്ടാകും. ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമായ ഒരു സാമൂഹിക കമ്പോസ്റ്റിങ് രീതിയാണിത്. മൂന്ന് മാസംകൊണ്ട് 600 ബിന്നുകളെങ്കിലും സ്ഥാപിക്കാം.

ഇറച്ചിക്കടയിലെ മാലിന്യങ്ങള്‍ ശേഖരിച്ച് പന്നി, മീന്‍, കോഴി എന്നിവയ്ക്ക് തീറ്റയായും ബോണ്‍ മീല്‍ ഫാക്ടറികളില്‍ എത്തിക്കുന്നതിനും കരാറുകാരെ ഏര്‍പ്പാടുചെയ്യും. സര്‍വീസ് ഫീസ് ഈടാക്കിയാവും ഇവര്‍ സേവനം നടത്തുക. ഹോട്ടലുകള്‍ക്കും കല്യാണമണ്ഡപങ്ങള്‍ക്കും ഈ സമ്പ്രദായം ബാധകമായിരിക്കും. എല്ലാവരും ഉറവിടത്തില്‍ത്തന്നെ മാലിന്യങ്ങള്‍ വേര്‍തിരിച്ചേ തീരൂ. ചാലപോലുള്ള കമ്പോളങ്ങളിലെ പച്ചക്കറി വേസ്റ്റ് വേര്‍തിരിച്ച് കൃഷിക്കാര്‍ക്ക് ജൈവവളമായി നല്‍കും. വാഴയില ഉണക്കി ഏറോബിക് ബിന്നുകളില്‍ കരിയിലയ്ക്ക് പകരം ഉപയോഗിക്കാം. ഡിസംബര്‍ അവസാനിക്കുന്നതിന് മുമ്പ് ഇതിനെല്ലാമുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്ലാസ്റ്റിക്കും പേപ്പറുമടക്കം മറ്റ് മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കുന്നതിന് ഏര്‍പ്പാടുണ്ടാക്കും. മെയിന്റനന്‍സ് ടീം അംഗങ്ങളെത്തന്നെ ഈ ചുമതലയും ഏല്‍പ്പിക്കാവുന്നതാണ്. കടകളിലെ മാലിന്യം അവര്‍തന്നെ വേര്‍തിരിച്ച് നിര്‍ണയിക്കപ്പെട്ട സ്ഥാനങ്ങളില്‍ എത്തിക്കണം. ഇത് റീസൈക്കിള്‍ ചെയ്യാനായി ആക്രിക്കാര്‍ക്ക് വില്‍ക്കാം. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാന്‍ നടപടികളും പ്രചാരണവും നടത്തും. ഇവേസ്റ്റും ടൂബ് ലൈറ്റുകളും മറ്റും ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിയെ ഏല്‍പ്പിക്കും.

ഓഫീസുകളും ആസ്​പത്രികളും സ്‌കൂളുകളും ശുചിയാക്കി സൂക്ഷിക്കുന്നതിന് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സാമൂഹിക സംഘടനകള്‍ എന്നിവരെ ഉപയോഗപ്പെടുത്തും. റെസിഡന്റ്‌സ് അസോസിയേഷനുകളും കുടുംബശ്രീയുമാണ് ഈ പ്രസ്ഥാനം മുന്നോട്ടുകൊണ്ടുപോകുന്നത്. ജനകീയാസൂത്രണത്തിന്റെ ശൈലിയില്‍ സന്നദ്ധപ്രവര്‍ത്തകരുടെ ശ്രേണിയും ഉണ്ടാകും. സ്‌കൂള്‍ കുട്ടികളായിരിക്കും കാമ്പയിനിന്റെ വീടുകളിലേക്കുള്ള പ്രധാനപ്പെട്ട സന്ദേശവാഹകര്‍. ഇതിനായി എല്ലാ സ്‌കൂളുകളിലും ക്ലബ്ബുകളുണ്ടാക്കും. പാഠ്യാനുബന്ധ ശുചിത്വപരിപാടികളില്‍ കുട്ടികളെ പങ്കാളികളാക്കും.

ലളിതമായ ചില കാര്യങ്ങള്‍ സര്‍ക്കാറും ചെയ്യണം. മെയിന്റനന്‍സ് ടീമുകള്‍ രൂപവത്കരിക്കാനും അവയ്ക്ക് സഹായധനം നല്‍കാനും നഗരസഭകള്‍ക്ക് അനുവാദം കൊടുക്കണം. പൈപ്പ് കമ്പോസ്റ്റ് ബയോഗ്യാസ് പ്ലാന്റായി അപ്‌ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സബ്‌സിഡി അനുവദിക്കണം. കാമ്പയിന്‍ പുരോഗമിക്കുമ്പോള്‍ ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്ന ശുചിത്വപദ്ധതി വിപുലീകരിക്കാന്‍ തയ്യാറാകണം. ഏറോബിക് ബിന്നുകള്‍ക്ക് സബ്‌സിഡി അനുവദിക്കണം. കോര്‍പ്പറേഷന്‍ രൂപംനല്‍കുന്ന വിദഗ്ധ സമിതിക്ക് ഉചിതമായ സങ്കേതങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കണം. സര്‍ക്കാര്‍ സംവിധാനത്തിലുള്ളതിനേക്കാള്‍ പ്രഗല്ഭരായ ആളുകളായിരിക്കും ഇതില്‍ ഉണ്ടാവുക എന്ന് ഉറപ്പിക്കാം. സര്‍ക്കാര്‍ ഇത്രയും ചെയ്താല്‍ മതി. ബാക്കികാര്യങ്ങള്‍ ജനങ്ങള്‍ നോക്കിക്കോളും.



2 അഭിപ്രായങ്ങൾ:

  1. അടിയന്തരമായി സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ വ്യക്തം. കക്കൂസ് മാലിന്യം സംസ്‌കരിക്കാന്‍ സംയോജിത ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കണം. എന്ന എന്റെ ദീര്‍ഘകാലാവശ്യത്തെ ഡോ. തോമസ് ഐസക്കിലൂടെ കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അതേപോലെ ഇപ്പോള്‍ വെച്ചിരിക്കുന്ന 75,000ത്തോളമുള്ള പൈപ്പ് കമ്പോസ്റ്റുകളുടെയും ബയോഗ്യാസ് പ്ലാന്റുകളുടെയും പ്രശ്‌നങ്ങള്‍ പഠിച്ച് പോരായ്മകള്‍ തിരുത്തി അവയെ പുനരുജ്ജീവിപ്പിക്കും എന്നത് ആശ്വാസം പകരുന്നു.

    മറുപടിഇല്ലാതാക്കൂ